ബെഡൂർ: റോഡ് നവീകരണത്തിന് 45 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടികളുൾപെടെ പൂർത്തിയായി ഒരു വർഷത്തിലേറെയായിട്ടും ബെഡൂർ-കാക്കടവ് റോഡിൽ പ്രവൃത്തികൾ തുടങ്ങിയില്ല. മഴക്കാലം തൊട്ടുമുന്നിലെത്തി നിൽക്കുമ്പോഴും റോഡ് കുണ്ടും കുഴിയുമായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന നിലയിലാണ്.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ കമ്പല്ലൂരിൽ നിന്നു തുടങ്ങി വെസ്റ്റ് എളേരിയിലെ ബെഡൂർ-കാക്കടവ് വരെ ആറു കിലോമീറ്റർ നീളത്തിലുള്ള റോഡ് കാലങ്ങളായി ടാറിംഗ് ഇളകി താറുമാറായ നിലയിലായിരുന്നു.
2024-25 സാമ്പത്തിക വർഷത്തിലാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ച് ടെൻഡറായത്. എന്നാൽ ഒരു വർഷത്തിലേറെയായിട്ടും ഈസ്റ്റ് എളേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന അര കിലോമീറ്റർ ഭാഗത്തെ പണി മാത്രമാണ് പൂർത്തിയായത്. ബാക്കിയുള്ള അഞ്ചര കിലോമീറ്ററിൽ മൂന്നു കിലോമീറ്ററോളം ഭാഗം ഇപ്പോൾ തീർത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കുത്തനെയുള്ള കയറ്റിറക്കങ്ങളും ഇവിടെ ഗതാഗതം ദുഷ്കരമാക്കുന്നു.
കരാറുകാരന്റെ മേൽ സമ്മർദമേറിയതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ നാമമാത്രമായി പ്രവൃത്തികൾ ആരംഭിച്ചിരുന്നു. പക്ഷേ ദിവസങ്ങൾക്കകം അതും നിലച്ചു. ഇനി വീണ്ടും മഴയുടെ പേരുപറഞ്ഞ് തടിതപ്പാനാണ് കരാറുകാരന്റെ നീക്കമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
രണ്ടു ബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ പ്രതിദിനം ഇതുവഴി കടന്നുപോകുന്നുണ്ട്. സ്കൂളുകൾ തുറക്കുന്നതോടെ വാഹനത്തിരക്കും യാത്രാദുരിതവും ഇരട്ടിയാകും. കഴിഞ്ഞ ദിവസങ്ങളിലെ വേനൽമഴയിൽ റോഡ് കൂടുതൽ തകർന്നതായും കുഴികൾക്ക് ആഴമേറിയതായും വാഹനയാത്രക്കാർ പറയുന്നു.
പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനുള്ള കാലാവധി കഴിഞ്ഞിട്ടും പണി തുടങ്ങുകപോലും ചെയ്യാത്ത സാഹചര്യത്തിൽ കരാറുകാരനോട് വിശദീകരണം ചോദിച്ച് നോട്ടീസ് നൽകിയതായി വെസ്റ്റ് എളേരി പഞ്ചായത്ത് അസി. എൻജിനിയർ അറിയിച്ചു. കരാർ റദ്ദാക്കുകയും കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപെടുത്തുകയും ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നടപടിക്രമങ്ങൾ അവയുടെ വഴിക്കു നീങ്ങുമ്പോഴും എത്രയും പെട്ടെന്ന് റോഡ് നന്നാക്കിക്കിട്ടാൻ വേണ്ടതു ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.